യുവത്വവും നിലപാടുകളും

സ്വതന്ത്രമായ ചിന്തകൾ ഉണരുന്ന പ്രായമാണ് കൗമാരം. ഉണരുന്ന ചിന്തകളെ വിളിച്ചുപറയാനുള്ള ധൈര്യം യുവത്വത്തിൽ ലഭിക്കുകയും ചെയ്യും. അതിനാൽ കലാലയ ജീവിതം ഏതൊരു മനുഷ്യന്റെയും നിലപാടുകൾ രൂപപ്പെടുന്ന കാലമാണ്. അങ്ങിനെ രൂപപ്പെട്ട നിലപാടുകളാണ് നമ്മുടെ ഇടപെടലുകളെയും തിരഞ്ഞെടുപ്പുകളെയും നയിക്കുന്നത്. മാറിച്ചിന്തിക്കാനുള്ള സാധ്യത പിന്നീടുള്ള ജീവിതത്തിൽ വളരെ കുറവുമാണ്. തൊഴിലന്വേഷണം, കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത തുടങ്ങിയ ഉത്തരവാദിത്വങ്ങൾ വിദ്യാർത്ഥി കാലത്ത് പൊതുവിൽ ചിന്താസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തില്ല എന്നതാണ് ഇതിന്റെ പ്രധാനകാരണം.

മനുഷ്യൻ പൂർണസ്വാതന്ത്രനല്ല. പൂർണ സ്വതന്ത്രമായി ചിന്തിക്കാൻ അതിനാൽ തന്നെ മനുഷ്യന് കഴിയുകയുമില്ല. നാം ജീവിക്കുന്ന സമൂഹത്തിന്റെ പൊതുബോധം, വിശ്വസിക്കുന്ന ആദർശത്തിന്റെ അടിസ്ഥാന തത്വങ്ങൾ, പ്രവർത്തിക്കുന്ന രാഷ്ട്രീയപാർട്ടിയുടെ നയങ്ങൾ, കാണുന്ന ചിത്രങ്ങളുടെ പ്രമേയങ്ങൾ, പാഠപുസ്തകങ്ങൾ, അധ്യാപകർ തുടങ്ങി പലതരം കാന്തികവലയങ്ങൾ നമ്മുടെ ചിന്താസ്വാതന്ത്ര്യത്തെയും നിയന്ത്രിക്കും. അതിനാൽ നാം ധരിച്ചതാണ് ശരിയെന്നുറപ്പിക്കാൻ മറ്റുവഴികൾ തേടേണ്ടി വരും. ചർച്ചകളിലും സംവാദങ്ങളിലും ഏർപ്പെട്ടും പഠനങ്ങളെ ആശ്രയിച്ചുമാണല്ലോ നിലപാടുകളുടെ ശരി പുനഃപരിശോധിക്കേണ്ടത്.

നാം ചില പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ, മനസും ശരീരവും തമ്മിൽ കലഹിക്കുന്നവർ അനുഭവിക്കുന്ന സംഘർഷങ്ങൾ എന്നിവ അവയിൽ പ്രധാനപ്പെട്ടതാണ്. അവക്കെല്ലാം പരിഹാരങ്ങൾ വേണമെന്ന് നാം അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ എന്തൊക്കെയാണ് പരിഹാരങ്ങൾ എന്ന് കണ്ടെത്തുന്നിടത്താണ് മനുഷ്യർ വ്യത്യസ്ത നിലപാടുകാരാവുന്നത്.

പ്രശ്നപരിഹാര ഘട്ടങ്ങൾ

പരിഹാരം കണ്ടെത്തുന്ന പ്രക്രിയയെ മൂന്നായി തിരിക്കാം. എളുപ്പം മനസ്സിലാവാൻ രോഗിയെ സമീപിക്കുന്ന ഡോക്ടറുടെ ഉദാഹരണം ഉപയോഗിക്കുകയും ചെയ്യാം. ആദ്യഘട്ടം രോഗി അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചോദിച്ചറിയുക എന്നതാണ്, നേരത്തെ പറഞ്ഞതും അല്ലാത്തതുമായ പ്രശ്നങ്ങളെ നാം മനസ്സിലാക്കുന്ന പോലെ. രണ്ടാം ഘട്ടം പ്രസ്തുത ലക്ഷണങ്ങൾ വിലയിരുത്തി രോഗകാരണം കണ്ടെത്തലും മൂന്നാം ഘട്ടം പ്രസ്തുത രോഗത്തിന് ഫലപ്രദമായ ചികിത്സ നിർദ്ദേശിക്കലും നടപ്പിലാക്കലുമാണ്.

മനസ്സിലാക്കിയ സാമൂഹ്യ പ്രശ്നങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്തലും അതിന്റെ പ്രഭാവത്തെ ഇല്ലാതാക്കാൻ വേണ്ട പരിഹാരമാർഗങ്ങൾ കണ്ടെത്തി നടപ്പാക്കലുമാണ് സാമൂഹ്യപ്രശ്നപരിഹാരത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾ എന്ന് ഇതിൽ നിന്നും മനസ്സിലാക്കാമല്ലോ. ഈ രണ്ടു ഘട്ടങ്ങളിലും പിഴവ് പറ്റാൻ സാധ്യതയുണ്ട്. രോഗകാരണം കണ്ടെത്തുന്നിടത്ത് പിഴച്ചാൽ നിർദ്ദേശിച്ച ചികിത്സ നടപ്പിലാക്കിയത് കൊണ്ട് രോഗിയുടെ പ്രയാസം മാറില്ല. രോഗകാരണം കണ്ടെത്തുന്നിടത്ത് വിജയിച്ചാൽ തന്നെ തെറ്റായ ചികിത്സ നിർദ്ദേശിച്ചാലും ഇത് തന്നെ സംഭവിക്കും. അതിനാൽ നാം ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ യാഥാർത്ഥകാരണങ്ങൾ കണ്ടെത്തി അവയെ ഇല്ലാതാക്കാനുള്ള പരിഹാരമാർഗങ്ങൾ നിർധരിച്ചെടുക്കുന്നിടത്ത് പിഴക്കാതിരിക്കണം.

പരിഹാരനിർദേശങ്ങൾ

സമൂഹത്തിന്റെ പുരുഷകേന്ദ്രീകൃതത്വ (Patriarchy) മാണ് സ്ത്രീ അനുഭവിക്കുന്ന അക്രമങ്ങളുടെയും, സമൂഹത്തിന്റെ ആൺ പെൺ മാത്ര ലിംഗ സങ്കല്പ(Binary Gender Concept)മാണ് ലിംഗഭിന്നമനസ്കർ അനുഭവിക്കുന്ന പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണമെന്ന് ലിബറൽവാദികൾ ഉറച്ചു വിശ്വസിക്കുന്നു. അതിനാൽ, സമൂഹത്തിന്റെ എല്ലാ മേഖലയിലും ലിംഗസമത്വം കൊണ്ടുവരലാണ് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരമെന്നും, ആൺ പെൺ മാത്ര ലിംഗ സങ്കൽപം ഉടച്ചു വാർക്കലാണ് ലിംഗ ഭിന്ന മനസ്കർ (transgender) അനുഭവിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരമെന്നും ഇവർ വാദിക്കുന്നു.

ജൈവികവും മനഃശാസ്ത്രപരവുമായ സ്ത്രീ പുരുഷ വ്യത്യാസത്തെ പരിഗണിക്കാതെ അവർ മുന്നോട്ടു വയ്ക്കുന്ന സമത്വം യാന്ത്രികസമത്വമാണ്. സ്‌കൂളുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരേ യൂണിഫോം ധരിച്ചാൽ, ഒരേ ബെഞ്ചിൽ ഇടകലർന്നിരുന്നാൽ, പടിപടിയായി എല്ലാം പരിഹരിക്കപ്പെടും എന്നാണവർ സത്യസന്ധമായും കരുതുന്നത്.

പരിഹാരനിർദ്ദേശങ്ങൾ പരിശോധിക്കപ്പെടട്ടെ

നിലവിലുള്ള രോഗത്തിന് പുതിയൊരു മരുന്ന് നിർദ്ദേശിക്കും മുൻപ് അതിന്റെ ഫലത്തെ കുറിച്ചും പാർശ്വഫലങ്ങളെക്കുറിച്ചും മതിയായ പഠനങ്ങൾ നടത്തുക എന്നതാണല്ലോ ശാസ്ത്രീയ രീതി. മരുന്നിന്റെ ഗവേഷണത്തിനും പരിശോധനക്കുമായി ഭീമമായ തുകയാണ് മരുന്ന് കമ്പനികൾ മുടക്കുന്നത് എന്ന് നമുക്കറിയാം. എങ്കിൽ സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളെ പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കപ്പെടും മുൻപ് അവയുടെ ഫലങ്ങളും പാർശ്വഫലങ്ങളും പരിശോധിക്കേണ്ടതുണ്ടല്ലോ. ലിബറൽവാദികൾ മുന്നോട്ട് വയ്ക്കുന്ന പരിഹാര നിർദ്ദേശങ്ങളെ പരിശോധിച്ചുറപ്പിക്കാൻ അവർ തയ്യാറാവുന്നില്ല എന്നതും പരിശോധിച്ച് ബോധിക്കും മുൻപ് നടപ്പിലാക്കാൻ സർക്കാരുകളും സ്ഥാപനങ്ങളും സന്നദ്ധമാവുന്നു എന്നതുമാണ് നമ്മെ ആശങ്കപ്പെടുത്തുന്നത്. കുട്ടികളിൽ വാക്‌സിൻ നൽകും മുൻപ് എത്രയെത്ര പരീക്ഷണങ്ങളാണ് നടത്തുന്നത്. പക്ഷെ, കുട്ടികളുടെ മനോഭാവത്തെയും സാമൂഹ്യജീവിതത്തെയും ബാധിക്കാൻ പോകുന്ന മാറ്റങ്ങൾ അവരിൽ അടിച്ചേൽപ്പിക്കുമ്പോൾ ഒരു പരിശോധനയും നടത്തുന്നില്ല. എത്ര ഗൗരവകരമായ കാര്യമാണിത്.

എങ്ങിനെ പരിശോധിക്കും

മരുന്നിന്റെ ഫലവും പാർശ്വഫലങ്ങളും ഒരുപരിധി വരെ കംപ്യൂട്ടറിലും ബാക്കി ലബോറട്ടറിയിലും ശേഷം ഇതരജീവികളിലും അവസാനം തിരഞ്ഞെടുത്ത മനുഷ്യരിലും ശാസ്ത്രീയമായി തന്നെ പരിശോധിക്കാനാവും. എന്നാൽ, സാമൂഹ്യ പ്രശ്നം പരിഹരിക്കാനുള്ള നിർദ്ദേശങ്ങളെ ശാസ്ത്രീയമായി പരിശോധിക്കാനാവില്ല. എങ്കിലും സാമൂഹ്യശാസ്ത്രത്തിൽ അതിനു ചില രീതിശാസ്ത്രങ്ങളുണ്ട്. സമാനമായ നിർദ്ദേശങ്ങൾ നടപ്പിലാക്കിയ സമൂഹങ്ങളിൽ അത് ഫലിച്ചിട്ടുണ്ടോ എന്ന പരിശോധനയാണ് അതിൽ പ്രഥമം. ഉപോല്പലകമായി ചില സർവേകൾ, അഭിപ്രായ വോട്ടെടുപ്പുകൾ, ചർച്ചകൾ, സംവാദങ്ങൾ എന്നിവയും സംഘടിപ്പിക്കണം.

ലിംഗസമത്വം സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ കുറക്കുമോ?

ലിംഗസമത്വവും ഗാർഹിക പീഡനവും

സ്ത്രീകൾ അനുഭവിക്കുന്ന സകലപ്രശ്നങ്ങളും പരിഹരിക്കപ്പെടണമെങ്കിൽ സ്ത്രീപുരുഷ (യാന്ത്രിക) സമത്വം കൊണ്ടുവരണം എന്ന ലിംഗരാഷ്ട്രീയക്കാരുടെ അടിസ്ഥാനം തന്നെ നമുക്ക് പരിശോധിക്കാം. ലോകത്ത് ഏറ്റവുമധികം ലിംഗ സമത്വം നിലനിൽക്കുന്നത് നോർഡിക് രാജ്യങ്ങളിലാണ്. വേൾഡ് എക്കൊണോമിക് ഫോറം 2022 ൽ പുറത്തുവിട്ട ഗ്ലോബൽ ജെൻഡർ ഗാപ് റിപ്പോർട് പ്രകാരം ലിംഗസമത്വം ഏറ്റവും കൂടുതലുള്ള ഐസ്ലാൻഡ്, ഫിൻലൻഡ്‌, നോർവേ, ന്യൂസീലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളിൽ (യഥാക്രമം) (1) ന്യൂസീലൻഡ് ഒഴികെയുള്ളതെല്ലാം നോർഡിക് രാജ്യങ്ങളാണ്. പുരോഗമനവാദികൾ പറയുന്നത് പോലെയാണെങ്കിൽ ഇവിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ വളരെ കുറവായിരിക്കണം. എന്നാൽ സ്ത്രീകൾക്ക് തങ്ങളുടെ ജീവിതപങ്കാളിയിൽ നിന്നും ഏറ്റവും കൂടുതൽ അക്രമങ്ങൾ (Intimate Partner Violence) അനുഭവിക്കേണ്ടി വരുന്നത് ഈ പറയപ്പെട്ട നോർഡിക്ക് രാജ്യങ്ങളിലാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് (2). ഈ വിരോധാഭാസം നോർഡിക്ക് പാരഡോക്സ് എന്നറിയപ്പെടുന്നു.

വിവാഹബന്ധങ്ങളിലാണ് സ്ത്രീ ഗാർഹിക പീഡനത്തിന് ഇരയാവുന്നത്, അതിനാൽ വിവാഹം കഴിക്കാതെയുള്ള ഒന്നിച്ചു ജീവിക്കലുകൾ (cohabitation relations) പ്രോത്സാഹിപ്പിക്കപ്പെടണം എന്നും പുരോഗമനവാദികൾ പറയുന്നുണ്ടല്ലോ. അവരുടെ വാക്ക് വിശ്വസിക്കുന്ന വലിയൊരു വിഭാഗം സ്ത്രീകളും ഉണ്ട്. കേരളം പോലെ 95 ശതമാനം വിവാഹബന്ധങ്ങളും 5 ശതമാനം കോഹാബിഷൻ ബന്ധങ്ങളും ഉള്ള നാട്ടിൽ നമ്മുടെ കണ്ണിൽ കാണുന്ന ഗാർഹിക പീഡനങ്ങളെല്ലാം വിവാഹിതരായ ദമ്പതികൾക്കിടയിലാകുന്നത് സ്വാഭാവികമാണ്. എന്നാൽ രണ്ടും ഒരുപോലെ നിലനിൽക്കുന്ന അമേരിക്കൻ-യൂറോപ്യൻ നാടുകളിൽ നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്, വിവാഹ ബന്ധങ്ങളിലുള്ളതിന്റെ മൂന്നിരട്ടി ഗാർഹിക പീഡനത്തിന് സ്ത്രീ ഇരയാവുന്നത് കോഹാബിഷൻ ബന്ധങ്ങളിലാണെന്നാണ്(3).

ലിംഗസമത്വം കൂടിയാൽ സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ കുറയും എന്ന ധാരണ തികച്ചും അസംബന്ധമാണെന്ന് ഈ പഠനങ്ങളിൽ നിന്നും വ്യക്തമായി. മറ്റു രാജ്യങ്ങളിലെ പീഡനങ്ങളൊന്നും നോർഡിക്ക് രാജ്യങ്ങളിലേതു പോലെ റിപ്പോർട് ചെയ്യപ്പെടാത്തത് കൊണ്ടാണ് ഈ വ്യത്യസം എന്ന് തെളിവില്ലാതെ വാദിച്ചു രക്ഷപ്പെടാനുള്ള പുരോഗമനവാദികളുടെ ശ്രമവും ഇവിടെ വിലപ്പോവില്ല. ഈ കാരണങ്ങൾ കൂടി പരിഗണിച്ചാണ് പഠനങ്ങൾ നടന്നത് എന്ന് മനസിലാക്കുക.

കുടുംബം സാന്ത്വനവും സുരക്ഷയുമാണ്

പാരമ്പര്യവാദികൾ അവകാശപ്പെടും പോലെ സംരക്ഷത്തിനും സാന്ത്വനത്തിനും കുടുംബം ഉണ്ടാകുമ്പോഴാണ് സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ കുറയുന്നത്. ലിംഗസമത്വത്തിൽ മുന്നിലുള്ള രാജ്യങ്ങളിൽ കുടുംബബന്ധങ്ങൾ പാരമ്പര്യരാജ്യങ്ങളിലേതു പോലെ ശക്തമല്ല. വിവാഹവും നീണ്ടു നിൽക്കുന്ന ദാമ്പത്യങ്ങളുമാണ് കുടുംബബന്ധത്തെ സുദൃഢമാക്കുന്ന ഘടകങ്ങൾ. പൂർണമായ തുല്യതയും വ്യക്തിസ്വാതന്ത്ര്യവുമാണ് പ്രധാനം എന്ന് കരുതുമ്പോൾ ഈ രണ്ടിലും ഇടക്കൊക്കെ വിട്ടുവീഴ്ച ചെയ്താൽ മാത്രം നിലനിൽക്കുന്ന കുടുംബം എന്ന സ്ഥാപനം തകരും. കുടുംബമില്ലെങ്കിൽ, രണ്ടുപേരും ജോലിക്ക് പോയി കിട്ടുന്ന പൈസ പങ്കിട്ട് വീട്ടുചിലവും വീട്ടുവാടകയും കൊടുക്കുന്ന ദമ്പതികൾ തമ്മിൽ സ്വരച്ചേർച്ച ഉണ്ടായാൽ പിണക്കം മാറും വരെ മാറിനിൽക്കാൻ മറ്റൊരിടമില്ലല്ലോ. ആ പിണക്കത്തോടെ ഒരു വീട്ടിൽ കഴിയുമ്പോൾ ശാരീരികമായി ശക്തിയുള്ള പുരുഷൻ സ്ത്രീയെ ആക്രമിക്കാൻ സാധ്യതയുണ്ട്. എപ്പോൾ വേണമെങ്കിലും പിരിയാനുള്ള സാധ്യത ഉണ്ടെങ്കിലും തത്കാലം തങ്ങാൻ മറ്റൊരിടമില്ല എന്നതിനാൽ സ്ത്രീ എല്ലാം സഹിക്കാൻ നിർബന്ധിതയാകും.

കുടുംബം തകർന്നാൽ

കുടുംബം നിലനിൽക്കണമെങ്കിൽ വിവാഹബന്ധങ്ങൾ തന്നെ വേണം. രണ്ടു വ്യക്തികൾക്ക് പുറമെ രണ്ടു കുടുംബങ്ങൾ, രണ്ടു നാട്ടുകാർ എന്നിവർ കൂടി ഭാഗവാക്കാവുന്നു എന്നതാണല്ലോ വിവാഹത്തെ വിവാഹേതരബന്ധങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. അതിനേക്കാൾ പ്രധാനമാണ് മതം പഠിപ്പിക്കുന്ന ചിട്ടയും വിശ്വാസം നൽകുന്ന അവലംബവും. കുടുംബബന്ധങ്ങൾ തകരുമ്പോൾ സ്ത്രീകൾ പ്രയാസപ്പെടുകയും പുരുഷൻ അതിന്റെ പ്രയോജനമെടുക്കുകയുമാണ് ചെയ്യുന്നത്. കാരണം, മക്കളുടെ സംരക്ഷണ ബാധ്യത സ്ത്രീയുടെ മേലാണല്ലോ വരിക. ജോലിക്ക് പോയി പൈസ ഉണ്ടാക്കണം, മക്കളെ പരിപാലിക്കുകയും വേണം. ഇങ്ങിനെ ഏകാംഗരക്ഷകർത്തൃത്വത്തിന്റെ ഭാരം (single parent burden) പേറുന്നവരിൽ പുരുഷനെക്കാൾ എത്രയോ മടങ്ങാണ് സ്ത്രീകൾ(4).

കുടുംബം എന്ന സാമൂഹ്യ സ്ഥാപനം തകരുന്നതോടെ കുട്ടികൾക്ക് മതിയായ രക്ഷാകർത്തൃത്വവും വൃദ്ധർക്ക് സ്നേഹമിസ്രണമായ പരിപാലനവും ലഭിക്കാതാവുന്നു. ഇത് കുട്ടികളിൽ ക്രിമിനൽ വാസനയും(5) വൃദ്ധരിൽ വിഷാദരോഗവും(6) വർധിപ്പിക്കുന്നു. സ്വന്തം ജനിതകപിതാവ് ആരെന്നറിയാനുള്ള അവകാശം പോലും നിഷേധിക്കുന്ന കുട്ടികളുടെ ദുരവസ്ഥയെ കുറിച്ച് കേറ്റി ഫൗസ്റ്റ് നേതൃത്വം നൽകുന്ന ദം ബിഫോർ അസ് എന്ന സംഘടന(7) സംസാരിക്കുന്നുണ്ട്. മുതിർന്നവരുടെ ഇച്ഛകളെക്കാൾ കുട്ടികളുടെ അവകാശത്തിന് പ്രാധാന്യം കൊടുക്കണമെന്നാണ് അവർ ലോകത്തോട് പറഞ്ഞു കൊണ്ടിരിക്കുന്നത്.

ഈ വസ്തുത തിരിച്ചറിഞ്ഞത് കൊണ്ടാണ്, ഒരുകാലത്ത് ലിബറൽ മൂല്യങ്ങളുടെ വലിയ പ്രയോക്താക്കളായിരുന്ന റഷ്യ ഇപ്പോൾ കുടുംബബന്ധം സുദൃഢമാക്കാനുള്ള പദ്ധതികളുമായി പാരമ്പര്യമൂല്യങ്ങളിലേക്ക് തിരിഞ്ഞു നടക്കുന്നത്. 18 മക്കളെ പ്രസവിച്ച അമ്മക്ക് ‘ഓർഡർ ഓഫ് മറ്റേർണൽ ഗ്ലോറി’ നൽകി അവർ ആദരിക്കുന്നത് (8) അതിന്റെ ഭാഗമായാണ്.

യാന്ത്രികസമത്വം നടപ്പിലാക്കാൻ ശ്രമിക്കുക വഴി സ്ത്രീയെ അവളുടെ സ്വത്വത്തോട് അപകർഷതയുള്ളവളാക്കി മാറ്റി, അവളെ വിഷാദരോഗത്തിനടിമയാക്കി മാറ്റുകയാണ് സത്യത്തിൽ ഇക്കൂട്ടർ.

സമൂഹത്തിന്റെ ആൺ പെൺ മാത്ര ലിംഗ സങ്കൽപം തകർത്താൽ ലിംഗഭിന്നമനസ്കരുടെ പ്രശ്നങ്ങൾ തീരുമോ?

സെക്സും ജെൻഡറും

ആദ്യം ഇവർ ലിംഗവും ലിംഗത്വവും രണ്ടാണെന്ന് വാദിക്കുന്നു. ലിംഗം അഥവാ സെക്സ് ശാരീരികവും ലിംഗത്വം അഥവാ ജെൻഡർ മാനസികവുമാണത്രെ. അതായത് സെക്സ് എന്നാൽ രണ്ടു തുടകൾക്കിടയിലുള്ളതും ജെൻഡർ എന്നാൽ മനസിലുള്ളതുമെന്നാണ് വിശദീകരണം. ലൈംഗികാവയവം ലിംഗമോ യോനിയോ ആയാലും, ലിംഗകോശോൽപാദന അവയവം വൃഷ്ണമോ അണ്ഡാശയമോ ആയാലും, മൂന്നരക്കോടിയോളം വരുന്ന കോശങ്ങളിലെ ലിംഗ ക്രോമാസോം എക്സ്. വൈയോ, എക്സ്. എക്‌സോ ആയാലും കാര്യമില്ല ഒരാളുടെ മനസ് പറയുന്നതാണത്രെ ജെൻഡർ.

സമൂഹം ശാരീരിക പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ കുട്ടികളെ മോളേ എന്നും മോനേ എന്നും വിളിച്ചും അതനുസരിച്ച് വ്യത്യസ്ത വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും നൽകിയും രക്ഷിതാക്കളെ അമ്മേ അച്ഛാ എന്ന് വിളിപ്പിച്ചും അവരുടെ മേൽ ലിംഗത്വം അടിച്ചേൽപ്പിക്കുകയാണത്രെ. അതിനാൽ സംബോധനകളും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും എന്തിന് ശൗചാലയങ്ങൾ വരെ ലിംഗരഹിതക്കണമെന്നും അവർ നിർദേശിക്കുന്നു. അച്ഛൻ-അമ്മ എന്നതിന് പകരം ബെർത്തിങ് പീപ്പിൽ എന്നും അവൻ-അവൾ എന്നതിന് പകരം അവർ എന്നും വിളിച്ചുതുടണമത്രേ. അങ്ങിനെ എന്നെങ്കിലും കുട്ടി തന്റെ ലിംഗത്വം തിരിച്ചറിയുകയും അവർ സ്വയം പ്രഖ്യാപിക്കുകയും ചെയ്യും. അതു വരെ സമൂഹം ലിംഗരഹിതരെ പോലെ അവരെ കാണുകയും അവർ തങ്ങളെ എന്തായാണോ പരിചയപ്പെടുത്തുന്നത് അപ്രകാരം അവരെ കാണാൻ ശ്രമിക്കുകയും വേണം.

ഇസ്‌ലാമിക വീക്ഷണം

ഇസ്‌ലാമിക വീക്ഷണത്തിൽ സെക്സ് തന്നെയാണ് ജെൻഡർ. ഒന്നുകിൽ പുരുഷൻ, അല്ലെങ്കിൽ സ്ത്രീ, അതുമല്ലെങ്കിൽ സ്ത്രീയെന്നോ പുരുഷനെന്നോ തിരിച്ചറിയാൻ പ്രയാസമുള്ള മധ്യലിംഗക്കാർ (ഇന്റർസക്സ്/ ഹുൻസ). മറ്റൊരു വർഗീകരണവും സാധ്യമല്ല. പുരുഷനും സ്ത്രീക്കും മധ്യലിംഗക്കാർക്കും വേണ്ട പരിഗണന ഇസ്‌ലാമിക കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്. മാധ്യലിംഗക്കാരുടെ ലിംഗ നിർണയമാനദണ്ഡങ്ങളും കർമശാസ്ത്രം ചർച്ച ചെയ്തിട്ടുണ്ട്. അപ്രകാരം പുരുഷനിലേക്ക് ചേർക്കപ്പെടുന്നവരുടെ ശരീരത്തിലെ യോനി, സ്തനങ്ങൾ തുടങ്ങിയ സ്ത്റൈണ്യ അവയവങ്ങൾ ചികിത്സയുടെ ഭാഗമായി മുറിച്ചുമാറ്റാവുന്നതാണ്. ലിംഗ മാറ്റശാസ്ത്രക്രിയ മധ്യ ലിംഗക്കാർക്ക് അനുവദിനീയമാകുന്ന സാഹചര്യങ്ങൾ ഉണ്ട് എന്ന് സാരം.

എന്നാൽ ലിംഗത്തിന് ഭിന്നമായ മനസ്സുള്ളവർക്ക് തങ്ങളുടെ മനസ്സ് ആഗ്രഹിക്കുന്നതിലേക്ക് മാറാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. അത്തരക്കാർ ലിംഗമാറ്റ ശസ്ത്രക്രിയയോ ഹോർമോൺ ചികിത്സയോ സ്വീകരിക്കൽ അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ മാറ്റം വരുത്തലാണ്. ഇനി ചികിത്സയൊന്നും സ്വീകരിക്കുന്നില്ലെങ്കിൽ തന്നെ ശരീരത്തിന് വിരുദ്ധമായ ലിംഗത്വം അവകാശപ്പെടുന്നതിനെയും ഇസ്‌ലാം വിലക്കുന്നുണ്ട്. അങ്ങിനെ അപരലിംഗത്വം അവകാശപ്പെടുന്നില്ലെങ്കിൽ തന്നെ എതിർലിംഗത്തിൽ പെട്ടവർ ധരിച്ചു പോരുന്ന വസ്ത്രങ്ങൾ ധരിച്ച് അവരെ അനുകരിക്കുന്നത് വരെ നിഷിദ്ധമാണ്.

ഇതിനർത്ഥം ലിംഗത്തിന് ഭിന്നമായ മനസുള്ളവർ അനുഭവിക്കുന്ന പ്രയാസങ്ങളെ ഇസ്‌ലാം പരിഗണിക്കുന്നില്ല എന്നല്ല. അവരുടെ മനസ്സിനെ നിയന്ത്രിച്ചില്ലെങ്കിൽ അവർക്ക് തന്നെ വ്യക്തിപരമായതും പൊതുവിൽ സാമൂഹികമായതുമായ അനേകം പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നത് കൊണ്ട് കൂടിയാണല്ലോ ഇസ്‌ലാം ഈ വിലക്കുകളെല്ലാം നിശ്ചയിച്ചത്. ഇത്തരം പ്രയാസം അനുഭവിക്കുന്നവർക്ക് ഇസ്‌ലാം നിർദ്ദേശിക്കുന്ന പരിഹാരങ്ങൾ ഇങ്ങിനെയാണ്. മനസിന്റെ തോന്നൽ പൈശാചികമോ മാനസികമോ ആയ വൈകല്യമായേക്കാം. അത് ആത്മീയ ചികിത്സ കൊണ്ടോ മനഃശാസ്ത്ര ചികിത്സ കൊണ്ടോ പരിഹരിക്കാൻ ശ്രമിക്കുക. എന്നിട്ടും പരിഹരിക്കപ്പെടുന്നില്ലെങ്കിൽ അല്ലാഹുവിന്റെ വിധിയാണെന്ന് മനസ്സിലാക്കി ക്ഷമിക്കുക. ചികിൽസിച്ചിട്ടും ഭേദമാകാത്ത അനേകം പ്രശ്നങ്ങൾ മനുഷ്യർ അനുഭവിക്കുന്നുണ്ടല്ലോ. അല്ലാഹു ഈ ക്ഷമക്ക് പ്രതിഫലമായി സ്വർഗത്തിൽ ഉന്നതസ്ഥാനം നൽകുമെന്ന പ്രതീക്ഷ പ്രയാസത്തെ ലഘുകരിക്കും. പ്രയാസം മാറാൻ അവനോട് പ്രാർത്ഥിച്ചു കൊണ്ടേയിരിക്കുക. ഇസ്‌ലാം വിലക്കിയ ചികിത്സകൾ സ്വീകരിച്ചാലും മാനസ്സിക സംഘർഷങ്ങളും ശാരീരിക പ്രശ്നങ്ങളും ഇനിയും ഉണ്ടാകാം. അപ്പോഴും ആത്യന്തികമായി സമാധാനം നൽകുന്നത് അല്ലാഹുവിലുള്ള വിശ്വാസം മാത്രമാണെന്ന് മനസിലാക്കുക. അല്ലാഹുവിന്റെ മുൻപിൽ

ബോധിപ്പിക്കാൻ പോന്ന കാരണമുണ്ടെങ്കിൽ ലിംഗമാറ്റ ശസ്ത്രക്രിയ വരെ ഒരുപക്ഷെ അനുവദിനീയമായേക്കാം. പട്ടിണി മരണം ഭയക്കുന്നവർക്ക് പന്നിമാംസവും അനുവദിനീയമാവുന്ന പോലെ. പക്ഷെ, പ്രസ്തുത ശസ്ത്രക്രിയക്ക് ശേഷം പ്രയാസങ്ങൾ ഇല്ലാതാവും എന്നതും ഉറപ്പുള്ള കാര്യമല്ല. ഇനി ലിംഗമാറ്റ ശസ്ത്രക്രിയക്ക് നിങ്ങൾ വിധേയമായി എങ്കിൽ തന്നെ ഇസ്‌ലാമിൽ നിന്നും പുറത്തുപോവുകയൊന്നുമില്ല. അതിനാൽ അവനിലുള്ള വിശ്വാസം മുറുകെപ്പിടിക്കുക. പിന്നീടുള്ള ജീവിതത്തിലെ മാനസിക സംഘർഷം ഇറക്കിവക്കാൻ അല്ലാഹുവിനെക്കാൾ മികച്ച അത്താണിയില്ലെന്ന് മനസ്സിലാക്കുക. നൈമിഷികമായ ഈ ജീവിതശേഷം അനശ്വരമായ മറ്റൊന്ന് വരാനുണ്ട്. അവിടത്തെ സന്തോഷമാണ് ഏറ്റം പ്രധാനമെന്ന് ഉൾക്കൊള്ളുക.

എല്ലാം മനസ് പറയും പോലെയാണെങ്കിൽ

‘ഒരാളുടെ മനസ് പറയുന്നതാണ് അയാളുടെ ലിംഗത്വം. മനസ് പറയുന്നതിലേക്ക് ശരീരത്തെ മാറ്റാൻ വേണ്ടതെല്ലാം ചെയ്യാം, മറിച്ചുള്ളത് പാടുള്ളതും അല്ല’. ഇതാണ് ലിംഗ രാഷ്ട്രീയക്കാരുടെ നിലപാട്.

വൈരുധ്യങ്ങൾ

ഈ വാദത്തിലെ ചില വൈരുധ്യങ്ങൾ നോക്കൂ. ഒരാൾ സ്വയം താനൊരു അന്യഗ്രഹജീവിയാണെന്ന് അവകാശപ്പെട്ടാൽ അതും, താനൊരു നായയാണെന്ന് അവകാശപ്പെട്ടാൽ അതും നാം അംഗീകരിക്കേണ്ടി വരില്ലേ. നീ ചെറുപ്പം മുതലേ ഈ ഭൂമിയിൽ ജനിച്ചു വളർന്ന ആളല്ലേ എന്നോ, നായയെ കണ്ടാൽ ഞങ്ങൾക്കറിയില്ലേ എന്നോ ഇവരോട് തിരിച്ചു പറയുന്നത് കുറ്റകരമായി കാണേണ്ടി വരില്ലേ. ഞാൻ എന്നെ സ്വയം തിരിച്ചറിയുന്നത് ഒരു കറുത്തവർഗക്കാരിയായാണ് എന്ന് ഒരു വെളുത്തവർഗ്ഗക്കാരി പറഞ്ഞാൽ അതും അംഗീകരിക്കേണ്ടി വരും. എന്റെ മനസ് പറയുന്നത് ഞാൻ ഇന്ത്യയുടെ രാഷ്ട്രപതിയാണെന്നാണ് എന്ന് പറഞ്ഞാൽ അതിനെയെങ്കിലും മാനസികാരോഗമായി കാണാനുള്ള വകുപ്പ് വേണ്ടേ.

ജറേത്ത് നെബുല എന്ന 33 വയസുള്ള ആൾ താനൊരു അന്യഗ്രഹ ജീവിയാണെന്ന് സ്വയം അവകാശപ്പെടുന്നു. തനിക്ക് ഒരു ജെൻഡറും ഇല്ലത്രെ. അതിനാൽ തന്നെ അവനെന്നോ അവളെന്നോ വിളിക്കാതെ അത് എന്നോ വസ്തു എന്നോ വിളിക്കണമത്രേ. ജനിക്കുമ്പോൾ സ്ത്രീയായിരുന്നു, 29 ആം വയസ്സിൽ പുരുഷനായി മാറി, ഇപ്പോൾ അന്യഗ്രഹജീവിയായും(9).

ഒരു ജപ്പാൻ കാരൻ 12 ലക്ഷം രൂപ മുടക്കി നായയെ പോലെ ആയത് ഈ വർഷമാണ്. കോളി എന്നാണ് നായാരൂപത്തിന് സ്വീകരിച്ച പേര്(10). രചൽ ഡോലിസൽ എന്ന വെള്ളക്കാരിയായ അമേരിക്കൻ അധ്യാപിക താനൊരു കറുത്തവർഗക്കറിയാണെന്ന് അവകാശപ്പെട്ടത് 7 വർഷങ്ങൾക്ക് മൂന്പ് വിവാദമായിരുന്നു(11).

പ്രത്യാഘാതങ്ങൾ

ഒരാളുടെ ലൈംഗിക സ്വത്വം അയാൾ സ്വയം പ്രഖ്യാപിക്കുന്നതാണെന്നും അതിനെ പരിശോധിക്കാനോ ചോദ്യം ചെയ്യാനോ ആർക്കും അവകാശമില്ലെന്നും വന്നാൽ അതിന്റെ ഭവിഷത്ത് അനുഭവിക്കുക സ്ത്രീകൾ തന്നെയാകും. സ്വയം സ്ത്രീയായി തിരിച്ചറിയുന്നുവെന്ന് അവകാശപ്പെടുന്ന ഒരു കായികതാരം സ്ത്രീകളുടെ കൂടെ മത്സരിച്ച് അവരുടെ സ്ഥാനങ്ങൾ കൈക്കലാക്കുന്ന അവസ്ഥ വരും. എമിലി ബ്രിഡ്ജസ് എന്ന
സ്ത്രീയായി മാറിയയാളെ (ട്രാൻസ് വുമൺ)സൈക്ലിംഗ് മത്സരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് രണ്ടു വർഷത്തേക്ക് വിലക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ് (12). സ്ത്രീകളുടെ ജയിലുകളിൽ പ്രവേശിച്ച് അവരെ ഗർഭിണികളാക്കിയതിന് മറ്റൊരു അമേരിക്കൻ ട്രാൻസ് വുമണെ അവിടെ നിന്നും മാറ്റിപ്പാർപ്പിച്ചത് ഈ വർഷമാണ് (13).

സ്വന്തം ജെൻഡർ സ്വയം തിരിച്ചറിഞ്ഞു പ്രഖ്യാപിക്കും വരെ കുട്ടികളെ ലിംഗരഹിതരായി വളർത്തണമെന്ന് വന്നാൽ കുട്ടികളിൽ ജെൻഡർ കൺഫ്യൂഷൻ വരും. ജെൻഡർ ന്യൂട്രാലിറ്റി നടപ്പിലാക്കിയ രാജ്യങ്ങളിൽ സ്വന്തം ലിംഗത്വം ഏതെന്നു സംശയിക്കുന്ന കൗമാരക്കാരുടെ എണ്ണം കൂടിവരികയാണ്(14). അതായത് ലിംഗത്തിന് ഭിന്നമായ മനസുള്ള കുറച്ചു പേർ അനുഭവിക്കുന്ന പ്രശ്നം പരിഹരിക്കാനായി ലിംഗ രാഷ്ട്രീയക്കാർ നിർദ്ദേശിക്കുന്ന പരിഹാരങ്ങൾ നടപ്പിലാക്കുമ്പോൾ ഇതേ പ്രശ്നം അനുഭവിക്കുന്നവരുടെ എണ്ണം കൂടുകയാണെന്ന് സാരം.

മനസ് പറയുന്നിടത്തേക്ക് ശരീരത്തെ മാറ്റുമ്പോൾ

മനസ് പറയുന്ന ലിംഗത്വത്തിലേക്ക് മാറാൻ ശരീരത്തിന്റെ ജൈവികഘടനയിൽ മാറ്റം വരുത്താൻ ഇക്കൂട്ടർ നിർദ്ദേശിക്കുന്നു. ഒരുപാടു പണവും സാങ്കേതികവിദ്യകളും ആവശ്യമാവുന്ന ലിംഗമാറ്റ ശാസ്ത്രക്രിയയാകട്ടെ ഏറെ പ്രയാസകരവുമാണ്. പുരുഷ ശരീരത്തെ സ്ത്രീയാക്കാൻ കേവലം ലിംഗം മുറിച്ചു മാറ്റി യോനി തുന്നിപ്പിടിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. അതിനായി താടിയെല്ല് വരെ രാകി മിനുക്കേണ്ടതുണ്ട്. സ്ത്രീ ഹോർമോണായ ഈസ്ട്രജൻ കുത്തിവച്ച് താടി മീശ രോമങ്ങൾ കൊഴിച്ച്, ശബ്ദത്തിന്റെ കനം കുറച്ച്, അരക്കെട്ടിന്റെ ഭാഗം സ്ത്രീകളുടേത് പോലെയാക്കി മാറ്റണം. ലിംഗം മാറ്റി യോനിയക്കുമ്പോഴും തിരിച്ചും മൂത്രനാളം അടയുന്ന അവസ്ഥ എപ്പോഴും സംഭവിക്കാം. ഇടക്കിടക്ക് വൈദ്യസഹായം തേടേണ്ടിവരുമെന്ന് സാരം. ഇത്തരം ബുദ്ധിമുട്ടുകൾ കാരണം ലിംഗ മാറ്റശാസ്ത്രക്രിയക്ക് വിധേയമായവർ ആത്മഹത്യ ചെയ്ത സംഭവങ്ങൾ നിരവധിയാണ്(15).

ചികിത്സാ ചിലവ് സർക്കാർ വഹിക്കുകയും ചികിത്സാസൗകര്യങ്ങൾ സർക്കാർ വർധിപ്പിക്കുകയും ചെയ്താൽ ഈ പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കപ്പെടുമെങ്കിലും ഇതല്ലാത്ത ആരോഗ്യ പ്രശ്നങ്ങൾ നിരന്തരം വന്നുകൊണ്ടിരിക്കും. കാരണം ഒരാളുടെ ശരീരത്തിലെ മൂന്നരക്കോടി കോശങ്ങളിലെയും ലിംഗ ക്രോമസോമുകൾ അയാൾ ആണാണെന്ന് വിളിച്ചു പറയുമ്പോഴും, അതിനെ മറികടക്കാനുള്ള ശ്രമങ്ങൾ ശരീരത്തിന്റെ ജൈവിക ഘടനയോട് ചെയ്യുന്ന യുദ്ധമാണ്. ഇതുകൊണ്ടാണ് പ്രശസ്ത സെക്സോളജിസ്റ്റും പത്രപ്രവർത്തകയുമായ ഡോ. ഡെബ്രാ സൊ തന്റെ എൻഡ് ഓഫ് ജെൻഡർ എന്ന പുസ്തകത്തിൽ ലിബറൽവാദികളുടെ ഇത്തരം ശാസ്ത്രവിരുദ്ധ നീക്കങ്ങളെ ജീവശാസ്ത്രത്തോടുള്ള യുദ്ധം (ബാറ്റിൽ എഗൈൻസ്റ്റ് ബയോളജി) എന്ന് വിശേഷിപ്പിച്ചത്(16).

ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത ശേഷം പൂർവലിംഗത്തിലേക്ക് തിരിച്ചു പോകണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. ചിലർ അത് പുറത്തു പറയാൻ ധൈര്യമില്ലാതെ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നു. സമാന അവസ്ഥയെ അതിജീവിച്ച വാൾട്ട് ഹെയർ ഇത്തരക്കാർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനായി സെക്സ് ചെയ്ഞ്ചേഴ്സ് റിഗ്രറ്റ് എന്ന ഒരു സംഘടന തന്നെ തുടങ്ങിയിട്ടുണ്ട്(17). ഇങ്ങിനെ പൂർവലിംഗത്തിലേക്കുള്ള പുനർ ലിംഗമാറ്റശസ്ത്രക്രിയക്ക് വിധേയമാകുന്നവരുടെ എണ്ണം വർധിക്കുന്നതിന്റെ കാരണങ്ങൾ പഠിക്കാൻ ബ്രിട്ടനിലെ ബാത്ത് സ്പാ യൂണിവേഴ്സിറ്റിയിൽ ഗവേഷണം ആരംഭിച്ച ജെയിംസ് കാസ്പിയന്റെ ഗവേഷണത്തെ അൺഎത്തിക്കൽ എന്ന് വിശേഷിപ്പിച്ച് തടസപ്പെടുത്തി(18). ജെൻഡർ ഡിസ്‌ഫോറിയ ബാധിച്ച കുട്ടികളെ ചികിൽസിച്ച് മാറ്റാൻ കഴിയുമെന്ന് തെളിയിച്ച, ടോറന്റോ യൂണിവേഴ്സിറ്റിയിലെ സൈക്കോളജി-സെക്സോളജി പ്രൊഫസറും അമേരിക്കൻ സൈക്കാട്രിക് അസോസിയേഷൻ അംഗവുമായിരുന്ന ഡോ. കെന്നത് സക്കറുടെ ക്ലിനിക് ആക്റ്റീവിസ്റ്റുകൾ പൂട്ടിച്ചു(19).

അതായത്, പിന്നീട് തനിയെ മാറാൻ വരെ സാധ്യതയുള്ള മനസിന്റെ തോന്നലിനെ ചികിൽസിക്കാൻ അനുവദിക്കാതെ, അവ്വിഷയകമായി നടക്കുന്ന ഗവേഷണങ്ങളെ തടയുന്ന മനുഷ്യത്വ വിരുദ്ധമായ സമീപനമാണ് ആക്റ്റിവിസ്റ്റുകൾ സ്വീകരിക്കുന്നത്. ഫലമോ, ലിംഗ ഭിന്ന മനസ്കത എന്ന പ്രയാസം അനുഭവിക്കുന്ന ഒരുപാടു പേർ ഉണ്ടാവുന്നു, അവരിൽ മതിയായ പരിശോധന നടത്താതെ ലിംഗമാറ്റശസ്ത്രക്രിയക്ക് പ്രോത്സാഹിപ്പിക്കുക വഴി തീരാദുഃഖത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു.

സംഗ്രഹം

സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ, ലിംഗഭിന്നമനസ്കർ അനുഭവിക്കുന്ന പ്രയാസം എന്നിവ പരിഹരിക്കാൻ പുരോഗമനക്കാർ മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശങ്ങൾ പ്രശ്നത്തെ പരിഹരിക്കുന്നതിന് പകരം , കൂടുതൽ സങ്കീർണ്ണമാക്കുകയാണ് എന്ന് പഠനങ്ങൾ പരിശോധിച്ചപ്പോൾ നമുക്ക് ബോധ്യമായി. തുറന്ന ചർച്ചക്കോ സംവാദത്തിനോ തങ്ങളുടെ നിർദ്ദേശങ്ങൾ അടിച്ചേൽപ്പിക്കുന്നതിന്റെയോ ഒളിച്ചുകടത്തുന്നതിന്റെയോ മുൻപ് അവർ തയ്യാറാവുന്നുമില്ല. അവരുടെ പരിഹാരനിർദ്ദേശങ്ങൾ പരാജയമാവുന്നത് പ്രശ്നങ്ങളുടെ അടിസ്ഥാനകാരണം കണ്ടെത്തുന്നേടത്ത് സംഭവിച്ച പിഴവ് മൂലമാണ്. പുരുഷന്റെയും സ്ത്രീയുടെയും ജൈവികവും മനഃശാസ്ത്രപരവുമായ സവിശേഷതകളെ പരിഗണിക്കാതെ യാന്ത്രികമായ സമത്വം അടിച്ചേൽപ്പിച്ചാൽ പ്രശനം കൂടുതൽ സങ്കീർണമാവും എന്ന് ബോധ്യമായ സ്ഥിതിക്ക് മറ്റു പരിഹാരനിർദ്ദേശങ്ങളെ കൂടി പരിഗണിക്കണം.

വ്യത്യസ്തതകളെ അംഗീകരിച്ച് അവയെ പരിഗണിച്ചു കൊണ്ട് മാത്രമേ സ്ത്രീകൾ നേരിടുന്ന അക്രമങ്ങൾക്കും അനീതികൾക്കും പരിഹാരങ്ങൾ കണ്ടെത്താനാവൂ. സ്ത്രീ ആദരിക്കപ്പെടണമെന്നും സംരക്ഷിക്കപ്പെടണമെന്നും പുരുഷന്മാരെ പഠിപ്പിക്കൽ തന്നെയാണ് പരിഹാരം. ബസ് സ്റ്റോപ്പിൽ തൊട്ടടുത്ത് ഒരു പെൺകുട്ടി നിൽക്കുമ്പോൾ അവളുടെ അവയവങ്ങളിലേക്ക് തുറിച്ചു നോക്കാതിരിക്കാൻ പുരുഷന്മാർ തയ്യാറാവണം. അതിന് തന്റെ അടുത്തുള്ളത് ഒരു മാംസപിണ്ഡമല്ലെന്നും ചിന്തയും സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാമുള്ള ഒരു മനുഷ്യൻ തന്നെയാണെന്ന് കരുതാൻ കഴിയണം. എന്നാൽ, സ്ത്രീയെ പരസ്യപ്പലകയിലെ ആകർഷകവസ്തുവായി മാത്രം ആവശ്യമുള്ള കച്ചവടലോകത്തിന് താത്വിക പിന്തുണ നൽകുന്ന ലിബറൽ വാദികൾക്ക് എങ്ങിനെയാണ് സ്ത്രീയെ അവളുടെ ലൈംഗിക ആകർഷിനീയതയുടെ പേരിലല്ലാതെ ആദരിക്കണമെന്ന് പഠിപ്പിക്കാൻ കഴിയുക.

സ്ത്രീ ശരീരം മറക്കുന്നതിനെ പരിഹസിക്കുകയും തുറക്കുന്നതിനെ മഹത്വവൽക്കരിക്കുകയും ചെയ്യുന്ന ലിബറൽ വാദികൾ ഇവ്വിഷയത്തിൽ നടന്ന പഠനങ്ങളെ പോലും പരിഗണിക്കുന്നില്ല. സ്ത്രീയുടെ നഗ്ന ശരീരം കാണുന്ന പുരുഷന്റെ മസ്‌തിഷ്കത്തിൽ ഉത്തേജിക്കപ്പെടുന്ന ഭാഗം യന്ത്രോപകരണങ്ങളുമായി ഇടപെടുമ്പോൾ ഉത്തേജിക്കപ്പെടുന്ന അതേ ഭാഗമാണ് എന്ന് പ്രിൻസ്റ്റൻ യൂണിവേഴ്സിറ്റിയിലെ സൈക്കോളജി വിഭാഗം പ്രൊഫസറായ സൂസൻ ഫിസ്‌കെയുടെ ഗവേഷണമുണ്ട് (20).

ലിംഗഭിന്നമനസ്കത മനസിന്റെ തോന്നലാണെന്ന് സമ്മതിക്കുകയും, അതു പരിഹരിക്കാനായി മനഃശാസ്ത്ര പരമായ രീതികൾ ഗവേഷണം ചെയ്തു കണ്ടെത്തി നടപ്പാക്കുകയും വേണം. അപ്പോൾ വലിയൊരു വിഭാഗത്തിന്റെ പ്രയാസം പരിഹരിക്കാനാവും. ശിഷ്ടമുള്ളവർക്ക് മാത്രമേ ലിംഗമാറ്റശസ്ത്രക്രിയ എന്ന അപകടം പിടിച്ച സാധ്യതയെ പരിഗണിക്കൂ എന്ന് സർക്കാർ തീരുമാനിക്കണം. ഇത്തരം സംഘർഷം സ്വാഭാവികമായി ഉണ്ടാകാത്ത കുട്ടികളിൽ വരെ ജെൻഡർ കൺഫ്യൂഷൻ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ നിന്നും പിന്മാറണം.

കുട്ടികൾ നാളെയുടെ പ്രതീക്ഷകളാണ്. അവരെ നിങ്ങളുടെ തോന്ന്യവാസചിന്തകളുടെ പരീക്ഷണവസ്തുവാക്കരുത്. അപകടം അനുഭവിച്ചറിഞ്ഞ ശേഷമേ തിരുത്തലിനെ കുറിച്ച് ആലോചിക്കൂ എന്ന ശാട്യം ഒഴിവാക്കുക. മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും പഠനങ്ങളിൽ നിന്നും പാഠമുൾക്കൊള്ളുന്നതാണ് ബുദ്ധിയുള്ളവരുടെ ലക്ഷണം. മക്കളുടെ ഭാവിയെക്കുറിച്ച് അത്രമേൽ ആശങ്കയാകുലരാണ് മാതാപിതാക്കൾ. തങ്ങളുടെ മക്കൾക്ക് കുറച്ച് മാനസിക സംഘർഷം ഉണ്ടായാലും മൂല്യങ്ങളിൽ വിശ്വസിക്കുന്ന, അതനുസരിച്ച് ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന മതവിശ്വാസികൾക്ക് പ്രയാസമുണ്ടാവുമല്ലോ എന്ന ആഗ്രഹം ഒഴിവാക്കുക.

കുറിപ്പുകളും അവലംബങ്ങളും

 1. Global Gender Gap Report 2022 (2022). World Economic Forum.
 2. Enrique Gracia, Juan Merlo. Intimate partner violence against women and the Nordic paradox, Social Science & Medicine, Volume 157 (2016), Pages 27-30, ISSN 0277-9536
 3. Jackson, N.A. Observational experiences of intrapersonal conflict and teenage victimization: A comparative study among spouses and cohabitors. J Fam Viol 11, 191–203 (1996).
 4. Single-Parent Family. Science Direct. 
 5. Stevens, M. Preventing at-risk children from developing antisocial and criminal behaviour: a longitudinal study examining the role of parenting, community and societal factors in middle childhood. BMC Psychol 6, 40 (2018).
 6. Singh, A., & Misra, N. (2009). Loneliness, depression and sociability in old age. Industrial psychiatry journal, 18(1), 51–55.
 7. Them before us.
 8. Order of Maternal Glory(2022).
 9. Ex-transgender man now wants to live as sexless ALIEN and has had nipples removed(2019.
 10. Japanese man pays a hefty sum of Rs 12 lakh to fulfil his dream of looking like a dog(2022).
 11. Rachel Dolezal: ‘I wasn’t identifying as black to upset people. I was being me’(2015).
 12. Trans women must wait 2 years to be eligible for competition, says cycling world governing body(2022). 
 13. USA: Transwoman shifted out of women’s prison after ‘she’ impregnates two female prisoners through consensual sex(2022)
 14. More US teens are rejecting ‘boy’ or ‘girl’ gender identities, a study finds(2018). 
 15. Controversy erupts over death of transwoman in Kochi(2021)
 16. Debra Soh (2020). The End of Gender: Debunking the Myths about Sex and Identity in Our Society
 17. Sex Change Regret | For Those Who Want to Return Back.
 18. University ‘turned down politically incorrect transgender research’(2017).
 19. Kenneth Zucker(2022). 
 20. Cikara, M., Eberhardt, J. L., & Fiske, S. T. (2011). From agents to objects: sexist attitudes and neural responses to sexualized targets. Journal of cognitive neuroscience, 23(3), 540–551.